ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കും: കെ. സുധാകരൻ
Sunday, November 5, 2023 7:04 PM IST
കണ്ണൂർ: പലസ്തീന് ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന് ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്.
കെപിസിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തം. സമിതി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം, ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അച്ചടക്ക സമിതി ചേരുമെന്ന് ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഭാഗം കേൾക്കും. വീഴ്ച ഉണ്ടായോ എന്ന് സമിതി വിലയിരുത്തും. തീരുമാനം അതിന് ശേഷം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.