ബംഗുളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയിൽ
Sunday, November 5, 2023 4:37 PM IST
ബംഗുളൂരു: ബംഗുളൂരുവില്‍ വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമയെയാണ്(45) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രതിമ കഴിഞ്ഞ എട്ടുവർഷത്തോളമായി ഈ വീട്ടിലാണ് താമസം. ശനിയാഴ്ച ജോലി കഴിഞ്ഞ് ഡ്രൈവറാണ് ഇവരെ വീട്ടിൽ കൊണ്ടുവിട്ടത്. സംഭവസമയം പ്രതിമയുടെ ഭർത്താവും മകനും ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതിമയുടെ സഹോദരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി അവളെ വിളിച്ചിരുന്നുവെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. സഹോദരൻ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെട്ടു.
ഫോറൻസിക്, സാങ്കേതിക സംഘങ്ങൾ സ്ഥലത്തുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ബംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുൽ കുമാർ ഷഹാപൂർവാദ് പറഞ്ഞു.
ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. കൊലപാതക കാരണം അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.