സംസ്ഥാന വ്യാപകമായി പലസ്തീൻ അനുകൂല പരിപാടി സംഘടിപ്പിക്കും: എം.വി. ഗോവിന്ദൻ
Sunday, November 5, 2023 4:21 PM IST
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പലസ്തീൻ അനുകൂല പരിപാടി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നവംബർ 11 ന് കോഴിക്കോട് പരിപാടി നടക്കും. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ലീഗിനെ ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രശ്നവുമില്ലായിരുന്നു. അവസരവാദ നിലപാടല്ല സിപിഎം സ്വീകരിച്ചത്.
അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ ഏക സിവിൽ കോഡ് സമരത്തിലും പങ്കെടുപ്പിച്ചിരുന്നില്ല. കോൺഗ്രസ് വിലക്കാണ് ലീഗിന് തടസം. എന്താണ് കോൺഗ്രസ് നിലപാടെന്ന് അന്വേഷിച്ച് പുറത്തു പോകേണ്ട.
ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട വാർത്ത തന്നെ ഉദാഹരണമാണ്. ആര്യാടൻ ഷൗക്കത്തിനെ പോലെ വ്യത്യസ്ത നിലപാടുള്ള കോൺഗ്രസുകാർക്ക് സിപിഎം പരിപാടിയിൽ പങ്കെടുക്കാമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.