ലീഗിന്റെ തീരുമാനം ഉൾക്കൊള്ളുന്നു; അവർ പറഞ്ഞത് സാങ്കേതിക പ്രശ്നമെന്ന് പി. മോഹനൻ
Saturday, November 4, 2023 5:06 PM IST
കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതിൽ പ്രതികരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. സാങ്കേതികമായുള്ള പ്രയാസം കാരണമാണ് റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയത്. അവരുടെ പ്രതികരണം പോസിറ്റീവായി കാണുന്നുവെന്നും മോഹനൻ പറഞ്ഞു.
പലസ്തീന് ഐക്യദാര്‍ഢ്യ റാലി വ്യാപകമായി നടത്തണമെന്നാണ് സിപിഎം പറയുന്നത്. അതുതന്നെയാണ് മുസ്ലിം ലീഗും പറയുന്നത്. ഇസ്രയേല്‍ വിരുദ്ധ നിലപാടുള്ള എല്ലാവരും യോജിച്ചാണ് പരിപാടി നടത്തേണ്ടതെന്നും മോഹനൻ കൂട്ടിച്ചേര്‍ത്തു.
സിപിഎം നവംബർ 11നു കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ആദ്യം രംഗത്തെത്തിയത് പി. മോഹനനായിരുന്നു. മുസ്ലിം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും എന്നാൽ കോണ്‍ഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്നും മോഹനൻ പറഞ്ഞിരുന്നു.
സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നാണ് നേരത്തെ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഎം ഒൗദ്യോഗികമായി ക്ഷണിച്ചത്.