ആദ്യം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്ക്കും: ഇ.ടി.മുഹമ്മദ് ബഷീര്‍
Saturday, November 4, 2023 1:35 PM IST
മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് സഹകരിക്കുമെന്ന മുന്‍ പ്രസ്താവന മയപ്പെടുത്തി ഇ.ടി.മുഹമ്മദ് ബഷീര്‍. താന്‍ ആദ്യം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാവരും യോജിച്ച് തീരുമാനമെടുത്താല്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കാമെന്നായിരുന്നു തന്റെ അഭിപ്രായം. അന്തിമതീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് താന്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
പലസ്തീന് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. ലീഗ് നേതൃത്വം നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് പാര്‍ട്ടി നിര്‍ണായക തീരുമാനമെടുത്തത്.
സിപിഎം പരിപാടിയില്‍ ലീഗ് പങ്കെടുക്കുന്നതിനെതിരേ കെപിസിസി നേതൃത്വം കടുത്ത ആശങ്ക അറിയിച്ചിരുന്നു. ഇ.ടി. നടത്തിയ പ്രസ്താവന ലീഗ് യുഡിഎഫ് വിടുന്നുവെന്ന പ്രചരണം സൃഷ്ടിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് നേട്ടമാകുന്ന തീരുമാനം കൈക്കൊള്ളേണ്ട കാര്യമില്ലെന്നും സിപിഎം ക്ഷണം നിരസിക്കാമെന്നും ലീഗ് തീരുമാനിക്കുകയായിരുന്നു.