ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് 508 കോടി ലഭിച്ചു; വിവാദ വെളിപ്പെടുത്തലുകളുമായി ഇഡി
Friday, November 3, 2023 10:09 PM IST
റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവാദത്തിന് തിരികൊളുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി.
നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നതായി ഏജൻസി പറയുന്നു.
സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തപ്പോൾ തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ബാഗേല്‍ എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു.
ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയാക്കിയതില്‍നിന്നും മഹാദേവ് നെറ്റ്വര്‍ക്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരം ലഭിച്ചത്.
കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകള്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നല്‍കുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയതായും ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കെയാണ് ഇക്കാര്യം പുറത്തുവന്നത്.