വൈദ്യുതി ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളിയെന്നു വി.ഡി. സതീശൻ
Thursday, November 2, 2023 11:12 PM IST
തിരുവനന്തപുരം: നികുതിക്കൊള്ളയും സർചാർജും വിലക്കയറ്റവും അടിച്ചേൽപ്പിച്ചതിനു പിന്നാലെ വൈദ്യുതി നിരക്കും വർധിപ്പിച്ച സർക്കാർ ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം വൈദ്യുതി ബോർഡിനുണ്ടാക്കിയ നഷ്ടം നിരക്ക് വർധനയിലൂടെ ജനങ്ങളിൽ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. കോടികൾ ചെലവഴിച്ചു കേരളീയം ഉൾപ്പെടെയുള്ള ധൂർത്ത് നടത്തുന്നതിനിടയിലാണ് സർക്കാർ പാവങ്ങളെ ചൂഷണം ചെയ്യുന്നത്.
കെഎസ്ഇബിയെ ഈ സർക്കാർ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. 1957 മുതൽ 2016 വരെ കെഎസ്ഇബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണം കൊണ്ട് 40,000 കോടിയായി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പവർ പർച്ചേസ് കരാർ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴുമുണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളർ പദ്ധതിയിലും 50,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.
അഴിമതി ലക്ഷ്യമിട്ട് സർക്കാർ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കൽ കൂടിയാണെന്ന് ഭരണകർത്താക്കൾ ഓർക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.