കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി; ബിജു പ്രഭാകറിന് പകരം ചുമതല
Thursday, November 2, 2023 3:52 PM IST
തിരുവനന്തപുരം: കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (കെടിഡിഎഫ്സി) ചെയര്മാന് സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല നല്‍കിയത്.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി-കെഎസ്ആര്‍ടിസി പോര് തുടരുന്നതിനിടെയാണ് രണ്ട് സ്ഥാപനങ്ങളുടെയും ചുമതല ഒരേ വ്യക്തിക്ക് നല്‍കിയത്. നിലവില്‍ കാര്‍ഷിക ഉത്പാദന കമ്മീഷണറാണ് ബി.അശോക്. കെടിഡിഎഫ്സി ചെയര്‍മാന്റെ അധിക ചുമതലയില്‍ തുടരുകയായിരുന്നു അദ്ദേഹം. ഈ ചുമതലയില്‍നിന്നാണ് ഇദ്ദേഹത്തെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കെടിഡിഎഫ്സിയില്‍ സ്ഥിരനിക്ഷേപം നടത്തിയവര്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം കെഎസ്ആര്‍ടിസി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ചുമതല മാറ്റം.