ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ നടക്കുന്നില്ല: കോൺഗ്രസിനെതിരേ അതൃപ്തി പരസ്യമാക്കി നിതീഷ്
Thursday, November 2, 2023 2:51 PM IST
പാറ്റ്ന: കോൺഗ്രസിനെതിരേ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ നടക്കുന്നില്ലെന്നും കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും നിതീഷ് കുറ്റപ്പെടുത്തി.
2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെക്കുറിച്ച് തങ്ങൾ കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ കൂടുതൽ ലക്ഷ്യമിട്ട്, കൂടുതൽ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. എന്നാൽ കോൺഗ്രസിന് ഇപ്പോൾ സഖ്യത്തിൽ വലിയ താൽപ്പര്യമില്ല. സഖ്യം സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരേയും വീണ്ടും വിളിക്കുമെന്നും നിതീഷ് പറഞ്ഞു.
ഇന്ത്യൻ സഖ്യത്തിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും തുടക്കമിടുന്നതാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് രൂപീകരിച്ച പ്രതിപക്ഷ നേതൃത്വത്തിലുള്ള സഖ്യത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് കോൺഗ്രസിനടക്കം തലവേദനയാകുമെന്ന് ഉറപ്പാണ്.
പാറ്റ്നയിൽ "ബിജെപി ഹഠാവോ, ദേശ് ബച്ചാവോ' റാലിയിൽ സംസാരിക്കവെയാണ് നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചത്. റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെയും നിതീഷ് കുമാർ ആഞ്ഞടിച്ചു.