കർണാടകയിൽ വീണ്ടും സിക്ക വൈറസ്; ജാഗ്രതാ നിർദേശം
Thursday, November 2, 2023 1:05 PM IST
ബംഗളൂരു: കർണാടകയിൽ വീണ്ടും സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തി. ബംഗളൂരുവിനു സമീപം ചിക്കബല്ലാപുരയിലെ കൊതുകിൽ നിന്നു ശേഖരിച്ച സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ എല്ലാ പനി കേസുകളും വിശകലനം ചെയ്യുകയാണ്. സാമ്പിൾ ഉൾപ്പെട്ട തൽക്കബേട്ടയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ ആറെണ്ണം ചിക്കബല്ലാപുരയിൽ നിന്നുള്ളതാണ്. അഞ്ചെണ്ണം നെഗറ്റീവായി. ഒരെണ്ണം പോസിറ്റീവാണെന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. എസ്. മഹേഷ് പറഞ്ഞു.
കടുത്ത പനി ബാധിച്ച മൂന്ന് രോഗികളുടെ സാമ്പിളുകൾ ലാബിലേക്ക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവ പരത്തുന്ന രോഗവാഹകരായ ഈഡിസ് കൊതുകിന്റെ കടിയിലൂടെയാണ് സിക്ക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ അഞ്ചുവയസുകാരിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.