മണിപ്പൂരിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനക്കൂട്ടം; ആകാശത്തേക്ക് വെടിവച്ചു
Wednesday, November 1, 2023 10:51 PM IST
ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനക്കൂട്ടം. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവച്ചു.
ഇംഫാലിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമാണ് സംഭവം നടന്നത്. ഇതേതുടർന്ന് നഗരത്തിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. പ്രാദേശിക യുവജന സംഘടനയായ അറമ്പായി തെങ്കോലിന്റെ നേതൃത്വത്തിലാണ് ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞത്.
കഴിഞ്ഞ ദിവസം ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണമായ മോറെയിൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ നേതൃത്വത്തിൽ ആളുകൾ തടിച്ചു കൂടിയത്.
രാജ്ഭവനും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ ഇംഫാലിലെ ഓഫീസിനും സമീപമുള്ള ഒന്നാം മണിപ്പൂർ റൈഫിൾസ് കോംപ്ലക്സ് പ്രതിഷേധക്കാർ വളഞ്ഞു. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂടാതെ, ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തിയെങ്കിലും ഇവർ പിന്തിരിഞ്ഞില്ല. തുടർന്നാണ് പോലീസ് ആകാശത്തേക്ക് വെടിവച്ചത്. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും കുറച്ചാളുകൾക്ക് പരിക്കുണ്ട്.
കഴിഞ്ഞ ദിവസം, മോറെയിൽ നിർമിക്കുന്ന ഹെലിപാഡിന്റെ മേൽനോട്ടം വഹിക്കുന്നതിനിടെയാണ് മുതിർന്ന പോലീസ് ഓഫീസർ ചിംഗ്തം ആനന്ദിനെ ആക്രമകാരികൾ വെടിവച്ചു കൊന്നത്. ഇത് താഴ്വര പ്രദേശങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി.
മണിപ്പൂർ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനെതിരെ കുക്കികൾ എതിർപ്പ് പ്രകടിപ്പിച്ച അതിർത്തി സ്ഥലങ്ങളിലേക്ക് കൂടുതൽ സേനയെ അയക്കണമെന്ന് പ്രതിഷേധക്കാർ ബിരേൻ സിംഗ് സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, മെയ് മൂന്നിന് കുക്കി-മെയ്തെയ് സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിർത്തി നഗരം വിട്ട മോറെ നിവാസികളുടെ വീടുകൾ കൊള്ളയടിച്ചതിന് മണിപ്പൂർ പോലീസിന്റെ കമാൻഡോകൾ 10 മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.