ഇന്നെന്റെ നാടിന്റെ ജന്മനാള്; മലയാളിയുടെ സ്വന്തം കേരളത്തിന് അറുപത്തേഴ്
Wednesday, November 1, 2023 10:58 AM IST
കോട്ടയം: ഓരോ മലയാളിയുടെയും ഹൃദയമാണ് കേരളം. ലോകത്തിന്റെ ഏത് കോണില്‍ എത്തിച്ചേര്‍ന്നാലും ഈ നാടും അതിന്റെ പച്ചപ്പും നമ്മില്‍ നിന്ന് അകലുന്നില്ല. സഹ്യപര്‍വതത്തിന് പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശം അത്രമേല്‍ വശ്യമാണ്.
സാമൂഹ്യപരിഷ്കര്‍ത്താക്കളും നവോത്ഥാന നായകരും അതിരുകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പോരാടി നേടിത്തന്ന ഈ മണ്ണ് ഇന്നറിയപ്പെടുന്നത് "ദൈവത്തിന്റെ സ്വന്തം നാട്' എന്നാണ്.
സകലര്‍ക്കും സമത്വ സുന്ദര ജീവിതം നല്കാന് പരിശ്രമിക്കുന്ന ഈ മാവേലി നാട് എന്നും രാജ്യത്തിന് മുന്നേ സഞ്ചരിക്കുന്നു.
ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഇന്ന് 67 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം സ്വാതന്ത്രമായി ഒമ്പത് വര്‍ഷത്തിന് ശേഷം,1956 നവംബര്‍ ഒന്നിനാണ് ഐക്യകേരളം രൂപീകൃതമായത്.
20-ാം നൂറ്റാണ്ടിന്റെ ആദ്യം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഇവിടം ഉണ്ടായിരുന്നത്.
1920 ല്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണം എന്ന് കെ. മാധവന് നായര്‍ പ്രമേയം അവതരിപ്പിച്ചു. മദ്രാസില്‍ നിന്നുള്ള അംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തി എങ്കിലും പ്രമേയം പാസാക്കപ്പെട്ടു.
ഇതിന്റെ ചുവടുപിടിച്ച് 1921 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രൂപവത്ക്കരിച്ചു.1928ല്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖിലകേരള കുടിയാന് സമ്മേളനത്തിലും ഐക്യകേരളപ്രമേയങ്ങള്‍ പാസായി.
1928 ല്‍ ജവഹര്‍ലാല്‍ നെഹ്റു അധ്യക്ഷനായി പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനവും രാജ്യം സ്വതന്ത്രമാകുമ്പോള്‍ കേരളത്തെ സംസ്ഥാനമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
1924 ലെ വൈക്കം സത്യാഗ്രഹം, 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹം, 1935 ലെ അഖില കേരള തൊഴിലാളി സമ്മേളനം, 1937 ലെ അഖില കേരള വിദ്യാര്‍ഥി സമ്മേളനം തുടങ്ങിയ എല്ലാ പ്രക്ഷോഭങ്ങളിലും "ഐക്യകേരളം' എന്ന ആവശ്യം ശക്തമായി ഉയര്‍ന്നു.
1945 ല്‍ ഐക്യകേരള രൂപവത്കരണത്തിനായി കമ്മിറ്റി ഉണ്ടാക്കി. 1947 ല്‍ തൃശൂരില്‍ ഐക്യകേരള കണ്വെന്ഷന് സംഘടിപ്പിക്കപ്പെട്ടു.
1949 ല്‍ ആലുവയില്‍ ചേര്‍ന്ന് ഐക്യകേരള സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് കേരള സംസ്ഥാനം രൂപവത്കരണം ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ തിരുവിതാംകൂര്‍ കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ള ഐക്യകേരള സംസ്ഥാന രൂപവത്കരണത്തെ എതിര്‍ത്തു.
ഇടയില്‍ മലബാര്‍ വാദവും ശക്തമായി. അതിനിടെ 1949 ല്‍ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും ലയിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നീളുന്നതിനിടെ ഉണ്ടായ ഒരു സംഭവം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം എന്ന ആവശ്യത്തെ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെയും നിര്‍ബന്ധിതരാക്കി.
1953ല്‍, പ്രത്യേക ആന്ധ്രാ സംസ്ഥാനത്തിനായി പോറ്റി ശ്രീരാമല ജീവന്വെടിഞ്ഞതായിരുന്നു ആ സംഭവം. തുടര്‍ന്ന് സംസ്ഥാന പുനഃസംഘടനാ കമ്മീഷന് നിലവില്‍ വന്നു.
ഒടുവിൽ ഫസല്‍ ചാലി അധ്യക്ഷനായ കമ്മീഷന് റിപ്പോര്‍ട്ടിന് പ്രകാരം 1957 ല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കാസര്‍ഗോഡ്, എന്നീ ഭൂപ്രദേശങ്ങളെ കൊരുത്ത് കേരളം എന്ന സംസ്ഥാനത്തിന് രൂപം നൽകി.
ഭൂപ്രകൃതിയിലും കാലാവസ്ഥയിലും സംസ്കാരത്തിലും ഏറെ സവിശേഷതയുള്ള ഈ മണ്ണ് മാറിയ കാലത്തും ലോകത്തിന് മാതൃകയാണ്. 67 വര്‍ഷത്തിനിപ്പുറവും മഹാമാരികള്‍ക്കും പ്രളയങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ ഈ ചെറിയ ഭൂമി മുന്നേറുകയാണ്.
മതേതരമൂല്യങ്ങളുടെ ഈ ഹരിതഭൂമിയില്‍ ഇനിയുമൊരു ജന്മം കൊതിക്കാത്തവര്‍ ഇല്ലെന്ന് കവികള്‍ വാഴ്ത്തുന്നു. വര്‍ഗീയതയും അസഹിഷ്ണുതയും അസ്വസ്ഥതയും പലയിടങ്ങളിലും അശാന്തി പരത്തുമ്പോഴും "മലയാളി' എന്ന ഒറ്റ വികാരം നമുക്കിടയില്‍ ഐക്യവും സ്നേഹവും സൃഷ്ടിക്കുന്നു.
നാം തന്നെയാണ് നാട്. നമ്മില്‍ നന്മയും സ്നേഹവും അണയാത്തിടത്തോളം നമ്മുടെ കേരളം "ദൈവത്തിന്റെ സ്വന്തം നാട്' തന്നെയാണ്...