ഐഎസ്എല്‍: ബംഗളൂരുവിനെ തകര്‍ത്ത് ഒഡീഷ എഫ്സി
Wednesday, November 1, 2023 1:50 AM IST
ഒഡീഷ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആവേശകരമായ മത്സരത്തില്‍ ബംഗളൂരുവിനെ കീഴടക്കി ഒഡീഷ എഫ്സി.
കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.
എട്ടാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളൂരുവാണ് ആദ്യം മുമ്പിലെത്തിയത്. 18-ാം മിനിറ്റില്‍ റയാന് വില്യംസിലൂടെ അവര്‍ ലീഡ് ഇരട്ടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ 23-ാം മിനിറ്റില്‍ ലാല്ലാ താംഗ ഖ്വാഹ്റിംഗിലൂടെ ഒഡീഷ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഐസക്ക് വന്ലാല്റൗട്ട്ഫേല ഒഡീഷയെ ഒപ്പമെത്തിച്ചു.
52-ാം മിനിറ്റില്‍ നൗറം റോഷന് സിംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബംഗളൂരുവിന് വലിയ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ ബംഗളൂരുവിനെതിരേ ആക്രമണം ശക്തമാക്കിയ ഒഡീഷയ്ക്ക് അധികം വൈകാതെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 60-ാം മിനിറ്റില്‍ ആമി റണവാഡെയിലൂടെ മൂന്നാം ഗോള്‍ നേടിയ ഒഡീഷ പിന്നീട് ഗോള്‍ വഴങ്ങാതെ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.