മണിപ്പുർ കലാപം: കുക്കി സംഘടന ഡബ്ല്യുകെഇസഡ്ഐസിയെ നിരോധിച്ചു
Tuesday, October 31, 2023 6:03 PM IST
ഇംഫാൽ: കുക്കികളുടെ സംഘടനയായ വേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺസിൽ (ഡബ്ല്യുകെഇസഡ്ഐസി) നിരോധിച്ച് മണിപ്പുർ സർക്കാർ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന അടിയന്തര മന്ത്രിസഭയോഗത്തലാണ് സംഘടനയെ നിരോധിച്ചത്.
പോലീസ് ഉദ്യോഗസ്ഥനായ ചിംഗ്തം ആനന്ദ് കുമാറിനെ ഇന്ന് രാവിലെ ഒരു സംഘം വെടിവച്ചു കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നത്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് ഡബ്ല്യുകെഇസഡ്ഐസിയെ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിനു പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 9.30 ന് മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. ചിംഗ്തം ആനന്ദ് അതിർത്തി പട്ടണത്തിൽ പുതുതായി നിർമിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം.