പണിമുടക്കി സ്വകാര്യബസുകൾ; വലഞ്ഞ് ജനം, അധിക സർവീസുകളുമായി കെഎസ്ആർടിസി
Tuesday, October 31, 2023 12:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സൂചനാ സമരത്തിൽ വലഞ്ഞ് ജനം. ഇന്ന് അർധരാത്രി വരെയാണ് സമരം. അയ്യായിരത്തിലേറെ സ്വകാര്യ ബസുകളാണ് സമരത്തിൽ അണിനിരക്കുന്നത്.
വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ ജീവനക്കാരും വിദ്യാര്‍ഥികളും ബസുകള്‍ കാത്ത് ഏറെസമയം ചെലവഴിക്കേണ്ടിവന്നു. സ്വകാര്യബസിനെ ആശ്രയിക്കുന്ന യാത്രക്കാർ ഏറെയാണ്. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ സ്വകാര്യബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളും ഏറെയുണ്ട്. ഇത്തരം മേഖലകളില്‍ യാത്രാക്ലേശം ഏറെ രൂക്ഷവുമാണ്.
ഏറ്റവും കൂടുതൽ സ്വകാര്യ ബസ് സർവീസുകളുള്ള മലയോര മേഖലകളേയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മരം മൂലം ജനങ്ങൾ കൂടുതൽ വലഞ്ഞ വടക്കൻ കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങും.
നവംബർ ഒന്നിനകം എല്ലാ സ്വകാര്യ ബസുകളിലും സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇതില്‍ പിന്നീട് ഇളവും സാവകാശവും നൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം അധിക ചെലവാണെന്നാണ് ബസുടമകൾ പറയുന്നത്. എന്നാൽ ഇത് അനാവശ്യ സമരമെന്നാണ് സർക്കാരിന്റെ വിമർശനം.