കേജരിവാൾ നവംബർ രണ്ടിന് ജയിലിലാകും; അടുത്ത ലക്ഷ്യം "ഇന്ത്യ' നേതാക്കൾ: എഎപി
Tuesday, October 31, 2023 12:08 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉടൻ ജയിലിലാകുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേജരിവാളിനെ ചോദ്യം ചെയ്ത ശേഷം നവംബർ രണ്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി എഎപി ആരോപിച്ചു.
ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷിയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കേജരിവാളടക്കമുള്ള ഉന്നത നേതാക്കളെ ജയിലിലാക്കി പാർട്ടിയെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നതായും അതിഷി ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേജരിവാളിന് ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഇതുപ്രകാരം നവംബർ രണ്ടിന് രാവിലെ 11 മണിക്ക് ഏജൻസിയുടെ ഡൽഹി ഓഫീസിൽ അദ്ദേഹം ഹാജരാകാനിരിക്കേയാണ് പാർട്ടിയുടെ ആരോപണം.
ഇതാദ്യമായാണ് കേജരിവാളിന് ഇഡി സമൻസ് അയക്കുന്നത്. ഇതേ കേസിൽ ഏപ്രിലിൽ സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ കേജരിവാളിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ എഎപിയെ ലക്ഷ്യമിട്ടാണ് ബിജെപി ഈ തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും അതിഷി ആരോപിച്ചു.
നവംബർ രണ്ടിന് കേജരിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ അത് അഴിമതിയാരോപണം കാരണമല്ല, മറിച്ച് അദ്ദേഹം ബിജെപിക്കെതിരേ സംസാരിച്ചത് കൊണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.
എഎപി രണ്ടുതവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും എംസിഡി തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേജരിവാളിനെ പേടിയാണ്. തെരഞ്ഞെടുപ്പിൽ എഎപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാമെന്നും അതിഷി പറഞ്ഞു.
കേജരിവാൾ അറസ്റ്റിലായതിന് ശേഷം, സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളെയും അതിന്റെ മുഖ്യമന്ത്രിമാരെയും ബിജെപി ലക്ഷ്യമിടുമെന്നും അവർ കൂട്ടിച്ചേർത്തു.
അവരുടെ അടുത്ത ലക്ഷ്യം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ്, കാരണം അദ്ദേഹത്തെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബിഹാറിലെ സഖ്യം തകർക്കാൻ കഴിയാത്തതിനാൽ തേജസ്വി യാദവിനെ അവർ ലക്ഷ്യമിടുന്നു. അതിനു ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യം വയ്ക്കുമെന്നും അതിഷി ആരോപിച്ചു.
എഎപി നേതാക്കൾ ജയിലിൽ പോകുമെന്ന് ഭയപ്പെടുന്നില്ലെന്നും അവസാന ശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുമെന്നും അതിഷി ആവർത്തിച്ചു.