വനിതാ താരത്തെ ബലമായി ചുംബിച്ച സംഭവം; ലൂയിസ് റൂബിയാലെസിന് മൂന്നു വർഷത്തെ വിലക്ക്
Tuesday, October 31, 2023 12:30 AM IST
സൂറിച്ച് : വനിതാ ലോകകപ്പിൽ സ്പെയിൻ ജേതാക്കളായതിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി ഫിഫ.
റൂബിയാലെസിന് വിലക്കേർപ്പെടുത്തിയതായി തിങ്കളാഴ്ചയാണ് ഫിഫ അറിയിച്ചത്. ഫിഫയുടെ അച്ചടക്ക സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയ,അന്തര്‍ദേശീയ തലങ്ങളിലെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് വിലക്ക്.
ചുംബനം വിവാദമായതിനു പിന്നാലെ റൂബിയാലെസിനെ ഫിഫ നേരത്തെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 26 മുതല്‍ മൂന്നു മാസത്തേക്കായിരുന്നു സസ്പെൻഷൻ. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സസ്പെൻഷനെത്തുടർന്ന് സെപ്റ്റംബറിൽ റൂബിയാലെസ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങൾക്കു പിന്നാലെയായിരുന്നു രാജി.
തന്റെ അനുവാദമില്ലാതെയാണ് ലൂയിസ് റൂബിയാലെസ് ചുംബിച്ചതെന്ന് ജെന്നിഫര്‍ ഹെര്‍മോസോ വ്യക്തമാക്കിയിരുന്നു. നേരത്തേ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ച റൂബിയാലെസ് പരസ്പര സമ്മതത്തോടെയാണ് ഹെര്‍മോസോയെ ചുംബിച്ചതെന്നും പരസ്യമായി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിൽ ഹെർമോസ സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു.
സംഭവം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ നല്ല സമ്മര്‍ദമുണ്ടെന്നും ഹെര്‍മോസോ പറഞ്ഞിരുന്നു. റൂബിയാലെസിന്റെ നീക്കം ശരിക്കും ഞെട്ടിച്ചെന്നും ആരും എവിടെവച്ചും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകരുതെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും ഹെര്‍മോസോ കുറിച്ചു.
സ്പെയിനിന്റെ കിരീടധാരണത്തിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് ഹെർമോസയുടെ ചുണ്ടിൽ ചുംബിച്ചത്.
മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സ്പെയിന് രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ഇത്.
റൂബിയാലെസിന്റെ പെരുമാറ്റത്തോടുള്ള അനിഷ്ടം ഹെർമോസ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞതോടെയാണ് സംഭവം വിവാദമായത്.
സംഭവം കത്തിപ്പടർന്നതോടെ റൂബിയാലെസിന്റെ രാജി ആവശ്യപ്പെട്ട് സ്പെയിനിലെ മന്ത്രിമാർ അടക്കം രംഗത്തു വരികയും ചെയ്തു.
സ്പെയ്നിലെ വനിതാ ഫുട്ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലെസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്നായിരുന്നു സ്പെയിനിലെ മന്ത്രി ഐറിന് മൊണ്ടെറോയുടെ പ്രതികരണം.