ബിആർഎസ് സ്ഥാനാർഥിക്ക് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു
Monday, October 30, 2023 5:55 PM IST
ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആര്‍എസ് സ്ഥാനാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ദത്താനി രാജു എന്നാണ് ഇയാളുടെ പേര്.
മിരുതൊടി മണ്ഡലത്തിലെ പെഡപ്യാല ഗ്രാമത്തിൽ നിന്നുള്ളയാളാണ് രാജു. നിലവിൽ ഒരു യൂട്യൂബ് ചാനലിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയാണ് ഇയാൾ.
രാജു കോൺഗ്രസ് പ്രവർത്തകനാണെന്നാണ് സൂചന. ഇയാൾ കോൺഗ്രസിന്റെ സ്കാർഫ് ധരിച്ചിരിക്കുന്ന ഒരു ചിത്രം ബിആർഎസ് വക്താവ് കൃശാങ്ക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
എംപിക്ക് ഹസ്തദാനം ചെയ്യാനെന്ന വ്യാജേനയാണ് അക്രമി എത്തിയതെന്ന് സിദ്ധിപ്പേട്ട് കമ്മിഷണര്‍ എന്‍. ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിയുടെ മുന്നിലേക്ക് എത്തിയ അക്രമി അരയിൽ കരുതിയ കത്തി പുറത്തെടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു.
ആദ്യം പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ ബിആര്‍എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി. ഇയാളെ ബിആർഎസ് പ്രവർത്തകർ പോലീസിന് കൈമാറി.
തിങ്കളാഴ്ച സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് സംഭവം. മേഡക്കില്‍ നിന്നുള്ള ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്.
കോത പ്രഭാകറിന്റെ വയറിനാണ് കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സെക്കന്തരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോത പ്രഭാകറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.