ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരെ കേസ്
Saturday, October 28, 2023 8:15 PM IST
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ഭക്ഷ്യവിഷബാധമൂലം മരിച്ച കോട്ടയം സ്വദേശി രാഹുൽ നായരുടെ ബന്ധുക്കളുടെ പരാതിയിന്മേൽ, തൃക്കാക്കര പോലീസ് ലേ ഹയാത്ത് ഹോട്ടലുടമയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊച്ചി സെസിലെ ജീവനക്കാരനായ രാഹുൽ ഇവിടെ നിന്നും ഷവർമ വാങ്ങി കഴിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. യുവാവിന്റെ രക്തത്തില്‍ സാല്മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതേദിവസം ഇവിടെ നിന്നും ഭക്ഷണം വാങ്ങിയ മറ്റ് ചിലർക്കും ആരോഗ്യപ്രശ്നം അനുഭവപ്പെട്ടിരുന്നു.