ക്ഷേത്ര പരിസരം ശാന്തമായിരിക്കണം: ആര്‍എസ്എസ് ശാഖ നിരോധിച്ചുള്ള സര്‍ക്കുലറില്‍ പ്രതികരണവുമായി അനന്തഗോപന്‍
Saturday, October 28, 2023 1:39 PM IST
പത്തനംതിട്ട: ആര്‍എസ്എസ് ശാഖ നിരോധിച്ചുള്ള സര്‍ക്കുലറില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍.
ക്ഷേത്ര പരിസരങ്ങള്‍ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീനലമോ പാടില്ല. കോടതി നിര്‍ദേശാനുസരണമാണ് ബോര്‍ഡ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റേയും തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു.
ഇത് സംബന്ധിച്ച് നേരത്തെ നിലവിലുണ്ടായിരുന്ന കോടതി ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ദേവസ്വം ബോര്‍ഡിനെതിരേ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ ആയുധ പരിശീലനം ഉള്‍പ്പെടെ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കുലറിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചിട്ടുണ്ട്. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം.
ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി നടപടിയെടുക്കണം. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.