സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം: പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Saturday, October 28, 2023 1:04 PM IST
തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോസ്റ്റര്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നഗരത്തിലെ എംജി റോഡില്‍ സുരേഷ് ഗോപിക്കെതിരേ പോസ്റ്റര്‍ പതിച്ചു.
സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം, സുരേഷ് ഗോപിയുടെ തനിനിറം തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധിച്ചത്.
സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറിയെന്ന് ഡി വൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റും പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീര്‍ണ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് വിവാദമായ സംഭവം ഉണ്ടായത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു.
അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. എന്നാലിത് ആവര്‍ത്തിച്ചിരുന്നു. അപ്പോഴും മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റിയിരുന്നു.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമസ്ഥാപനം വ്യക്തമാക്കിയിരുന്നു. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയും അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ തൊട്ടത് പിതാവിനെ പോലെ എന്നായിരുന്നു വിശദീകരണം.എന്നാൽ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പറഞ്ഞു.
മോശം സ്പര്‍ശനമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമനടപടികളിലേക്ക് കടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.