ടാഗോറിന്റെ പേരില്ലാതെ വിശ്വഭാരതി ശിലാഫലകം; വിശദീകരണം തേടി ബംഗാൾ ഗവർണർ
Saturday, October 28, 2023 6:49 AM IST
കോല്‍ക്കത്ത: യുനെസ്കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍ നിന്ന് രബീന്ദ്രനാഥ് ടാഗോറിന്റെ പേര് ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്.
സംഭവത്തിൽ സര്‍വകലാശാല റെക്ടര്‍ കൂടിയായ സിവി ആനന്ദ ബോസ് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം വിഷയത്തില്‍ പ്രതിഷേധ റാലി നടത്തി.
വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.
ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ, ഫലകത്തില്‍ കൊത്തിയെഴുതേണ്ട വാചകം ദേശീയ പുരാവസ്തു വകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിസി പ്രൊഫസര്‍ ബിദ്യുത് ചക്രബര്‍ത്തി വ്യക്തമാക്കിയതായി രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നു.
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ശാന്തിനികേതനില്‍ ടാഗോര്‍ ഗാനങ്ങള്‍ ആലപിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്തു.
ഫലകങ്ങള്‍ ശരിയാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതൃത്വം നല്കിയ പശ്ചിമ ഗവണ്മെന്റ് ഫിഷറീസ് മന്ത്രിയും ടിഎംസി നേതാവുമായ ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.