അഴിമതി ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന
Saturday, October 28, 2023 2:03 AM IST
ജയ്പുർ: രാജസ്ഥാനിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്റെ വീടുകളിൽ പരിശോധന. സഹകരണ വകുപ്പിൽ രജിസ്ട്രാറായി നിയമിതനായ മേഘ്രാജ് സിംഗ് രത്നുവിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണ് പരിശോധന നടത്തിയത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ തുടർന്നാണ് ഇയാൾ കുറ്റാരോപിതനായത്. ജയ്പൂർ, അജ്മീർ, ശ്രീഗംഗാനഗർ, ജയ്സാൽമീർ, സിക്കാർ എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്. രത്നുവിന്റെ ഓഫീസിലും പരിശോധന നടത്തിയതായി എസിബി അഡീഷണൽ ഡയറക്ടർ ജനറൽ ഹേമന്ത് പ്രിയദർശി പറഞ്ഞു.
ഭൂമി, ഫ്ളാറ്റുകൾ, രത്നുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പാട്ടങ്ങൾ, ആറുലക്ഷം രൂപ, സ്വർണം, വെള്ളി ആഭരണങ്ങൾ, ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം മകളുടെ വിദ്യാഭ്യാസത്തിനായി 60 ലക്ഷം രൂപയും മകളുടെ വിവാഹത്തിന് 1.5 കോടി രൂപയും ചെലവഴിച്ചതായി എസിബിക്ക് വിവരം ലഭിച്ചതായി പ്രിയദർശി പറഞ്ഞു. കണ്ടെടുത്ത സ്വത്തുക്കളുടെ ആകെ മൂല്യം അന്തിമ വിലയിരുത്തലിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.