പുതിയ പാര്‍ട്ടിയില്ല, യഥാര്‍ഥ ജെഡി-എസ് തങ്ങളെന്ന് മാത്യു ടി.തോമസ്
Friday, October 27, 2023 3:13 PM IST
കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്ന ജെഡി-എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളി പാര്‍ട്ടി കേരള ഘടകം. ജെഡി-എസ് ദേശീയ അധ്യക്ഷനായ എച്ച്.ടി.ദേവഗൗഡയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി പ്ലീനം അംഗീകരിച്ച രാഷ്ടീയപ്രമേയം ദേവഗൗഡ ലംഘിച്ചു. പ്രമേയത്തില്‍നിന്ന് വ്യതിചലിച്ച ദേവഗൗഡ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അയോഗ്യനായി.
ഗൗഡയുടെ നിലപാട് എതിര്‍ക്കുന്നവരെ യോജിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തി. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നില്ല. യഥാര്‍ഥ ജെഡി-എസ് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജെഡി-എസ് കേരള ഘടകത്തിന്റെ രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ലെന്നും കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയും സഖ്യകക്ഷികളും തങ്ങളുടെ ശത്രുപക്ഷത്താണെന്നും അതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.