ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെക്വിയാംഗ് അന്തരിച്ചു
Friday, October 27, 2023 9:31 AM IST
ബെയ്ജിംഗ്: ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെക്വിയാംഗ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച ലീക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതായും ഷാംഗ്ഹായിയിൽ വെള്ളിയാഴ്ച പുലർച്ചെയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.
പത്തുവർഷത്തോളം ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ലീ കഴിഞ്ഞ മാർച്ചിലാണ് പദവി ഒഴിഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനു കീഴിൽ രണ്ടു ടേം പ്രധാനമന്ത്രിയായിരുന്നു ലീ. സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാംഗ് ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ മുന്നോട്ടു നയിച്ച നേതാവാണ്.
ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്നു ലീ.