നെല്ല് സംഭരണത്തിൽ നിന്നും സപ്ലൈകോ പൂർണമായും പിന്മാറിയിട്ടില്ല: മന്ത്രി ജി.ആർ. അനിൽ
Thursday, October 26, 2023 10:35 PM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിന്നു സപ്ലൈകോ പൂർണമായി പിന്മാറിയിട്ടില്ലെന്നു മന്ത്രി ജി. ആർ. അനിൽ. സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളെ കൂടി സഹകരിപ്പിക്കാനാണു തീരുമാനം. കർഷകർക്കു പരമാവധി വേഗത്തിൽ പണം ലഭിക്കാനുള്ള സൗകര്യമാണു സർക്കാർ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോവഴി ലഭ്യമാക്കുന്ന സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യം ന്യായമാണ്. സബ്സിഡി ഇനങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണുള്ളത്. ഈ ആവശ്യം ഉന്നയിച്ചു സപ്ലൈക്കോയുടെ കത്ത് സർക്കാരിനു കൈമാറിയിട്ടുണ്ട്.
ഇനി സർക്കാരാണു നയപരമായ തീരുമാനമെടുക്കേണ്ടത്. നല്ല രീതിയിലുള്ള വിപണി ഇടപെടലിനാണു സർക്കാർ ശ്രമിക്കുന്നത്. താത്കാലിക ജീവനകർക്ക് ടാർഗറ്റ് നിശ്ചയിക്കുന്നതിൽ തെറ്റില്ല. സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.