സ്വകാര്യബസുടമകളുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കില്ല: മന്ത്രി ആന്റണി രാജു
Thursday, October 26, 2023 1:00 PM IST
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്ത് മാസക്കാലത്തോളം സമയം നീട്ടി നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
ബസുകളിൽ കാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാമറ വെക്കണമെന്ന നിർദ്ദേശം ഉയർന്നത് ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ്. കാമറകളിലൂടെ അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താനാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കി. സ്വകാര്യ ബസ് ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്. നിലവിലുള്ള നിയമം അശാസ്ത്രീയമാണെന്ന് ബസ് ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 1994 മുതൽ നിലവിലുള്ള കേന്ദ്രനിയമമാണിത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.