വിമാനത്താവളത്തിൽ പൂട്ടിയിട്ടു; ദുരനുഭവം പങ്കുവച്ച് രാഹുൽ ഗാന്ധി
Wednesday, October 25, 2023 6:55 PM IST
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കാൻ പോയപ്പോൾ തന്നെ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ജമ്മുകാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചുവെന്ന് അറിഞ്ഞാണ് അവിടേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ എന്നെ അവിടെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. പ്രധാനമന്ത്രി അവിടെ ഉണ്ടായിരുന്നതിനാലാകാം അങ്ങനെ ചെയ്തത്. മുറിയിൽനിന്നും പുറത്തിറങ്ങാൻ താൻ പൊരുതി. വളരെ മോശമായ അനുഭവമായിരുന്നു അത്'-രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, 2019 ലെ കേന്ദ്ര സർക്കാരിന്റെ പരാജയമാണ് പുൽവാമ ആക്രമണത്തിന് കാരണമെന്ന് സത്യപാൽ മാലിക്ക് കുറ്റപ്പെടുത്തി. ഇത് നമ്മുടെ പരാജയമാണെന്ന് രണ്ട് ചാനലുകളോട് പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുവിടരുതെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞു. എന്നാൽ യാതൊരുവിധ അന്വേഷണവുമുണ്ടായില്ല. ഭീകരാക്രമണം തെരഞ്ഞെടുപ്പിനുവേണ്ടി ഉപയോഗിക്കപ്പെട്ടു. മൂന്നാം ദിവസം പ്രധാനമന്ത്രി രാഷ്ട്രീയപരമായി സംഭവത്തെക്കുറിച്ച് പ്രസംഗിച്ചു.
സൈനികരെ കൊണ്ടുപോകുന്നതിന് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. നാല് മാസമാണ് ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടന്നത്. ഒടുവിൽ തള്ളിക്കളഞ്ഞു. സുരക്ഷിതമല്ല എന്നറിഞ്ഞിട്ടും സിആർപിഎഫ് റോഡ് മാർഗം ഉപയോഗിക്കുകയായിരുന്നു.
സ്ഫോടനമുണ്ടാക്കിയ കാർ 12 ദിവസം അവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിയത്. വാഹനത്തിന്റെ ഡ്രൈവറും ഉടമസ്ഥനും ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവരായിരുന്നു. എന്നിട്ടും ഇന്റലിജൻസിന് അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചില്ല.
മണിപ്പുരിൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്ന് എനിക്ക് എഴുതി നൽകാൻ സാധിക്കുമെന്നും സത്യപാൽ മാലിക് പറഞ്ഞു.