പ്രതിരോധ മന്ത്രിയെ പുറത്താക്കി ചൈന
Wednesday, October 25, 2023 6:31 AM IST
ബെയ്ജിംഗ്: പ്രതിരോധ മന്ത്രി ലീ ഷാംഗ്ഫുവിനെ ഔദ്യോഗികമായി പുറത്താക്കിയതായി അറിയിച്ച് ചൈന. രണ്ടു മാസമായി പൊതുജനമധ്യത്തില്‍ നിന്ന് ലീ ഷാംഗ്ഫു അപ്രത്യക്ഷനാണ്.
എന്ത് കാരണം കൊണ്ടാണ് ഇപ്പോള്‍ ഇദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. ലീ ഷാംഗ്ഫുവിന് പകരക്കാരനെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല.
അടുത്തിടെ നിരവധി ഉന്നത സൈനികോദ്യോഗസ്ഥരെ ചൈന പുറത്താക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രിയെയും പുറത്താക്കിയിരിക്കുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ജൂലൈയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ക്വിന്‍ ഗാംഗിനെയും ചൈന പുറത്താക്കിയിരുന്നു. ക്വിന്‍ ഗാംഗും ലീ ഷാംഗ്ഫുവും ഇതോടൊപ്പം മന്ത്രാലയത്തിന്റെ സ്റ്റേറ്റ് കൗണ്‍സിലില്‍ നിന്നും പുറത്തായിരിക്കുകയാണ്.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇവരെ പുറത്താക്കിയ നടപടി അംഗീകരിച്ചുവെന്ന് സര്‍ക്കാര്‍ മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആഴ്ച ബെയ്ജിംഗില്‍ വച്ച് ചൈനയുടെ ആതിഥ്യത്തില്‍ നടക്കുന്ന വിദേശ പ്രതിരോധ ഉദ്യോഗസ്ഥരുടെ ചടങ്ങില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുടെ സാന്നിധ്യം ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.