പ്രതിരോധമന്ത്രി അരുണാചലിൽ; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു
Tuesday, October 24, 2023 12:57 PM IST
തവാംഗ്: അരുണാചൽ പ്രദേശിലെ തവാംഗ് യുദ്ധസ്മാരകത്തിൽ, വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി കാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.
ആസാമിലെയും അരുണാചൽ പ്രദേശിലെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച തേസ്പൂരിലെത്തിയതായിരുന്നു രാജ്നാഥ് സിംഗ്.
അരുണാചൽ പ്രദേശിലെ തന്ത്രപ്രധാനമായ തവാംഗ് സെക്ടറിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് ആശയവിനിമയം നടത്തി. തവാംഗിൽ ശസ്ത്രപൂജ നടത്തുകയും പ്രത്യേക പ്രാർഥനകൾ നടത്തുകയും സൈനികർക്കൊപ്പം വിജയദശമി ആഘോഷിക്കുകയും ചെയ്തു.
"രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്ന കഠിനമായ സാഹചര്യം - എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാജ്യം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ യൂണിഫോമിന്റെ പ്രാധാന്യം നിങ്ങൾക്കെല്ലാവർക്കും അറിയാം..'- പ്രതിരോധമന്ത്രി സൈനികരോട് പറഞ്ഞു.
"നിങ്ങൾ അതിർത്തികൾ സുരക്ഷിതമാക്കി, അതുകൊണ്ടാണ് ലോകത്തിനുമുമ്പിൽ ഇന്ത്യയുടെ ഔന്നത്യം അതിവേഗം ഉയരുന്നത്. കഴിഞ്ഞ എട്ട്-ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യയുടെ ഔന്നത്യം ഉയർന്നുവെന്ന യാഥാർഥ്യം എല്ലാ വികസിത രാജ്യങ്ങളും അംഗീകരിക്കുന്നു.'- പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.