സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത
Tuesday, October 24, 2023 7:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്,വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി.
ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്.