ഗാസയിലെ ആശുപത്രിയിൽ ഹമാസിന്റെ മിസൈല്‍ വീണതാവാനാണ് സാധ്യത: ഋഷി സുനക്
Tuesday, October 24, 2023 1:51 AM IST
ലണ്ടന്‍: ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നടന്ന ആക്രമണത്തിനുത്തരവാദി ഹമാസ് ആയിരിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
ഹമാസ് ഇസ്രയേലിനു നേരെ തൊടുത്ത മിസൈലുകളിലൊന്ന് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രദേശത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സുനക് അമേരിക്ക പ്രദേശത്ത് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്നും കൂട്ടിച്ചേർത്തു.
ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ നേരത്തെ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനത്തോടു ചേര്‍ന്നുനില്‍ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ബ്രിട്ടന് നടത്തിയിരിക്കുന്നത്.