വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും ബർത്തിൽ ഇറക്കി
Monday, October 23, 2023 7:03 AM IST
വിഴിഞ്ഞം: കാലാവസ്ഥയും കടലും സൃഷ്ടിച്ച പ്രതിബന്ധങ്ങൾ വക വയ്കാതെ അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ ബർത്തിലിറക്കി. ഇനി ആകെയുളള ഏക കൂറ്റൻക്രെയിനിനെ ഇന്ന് ഇറക്കാനുള്ള ശ്രമം നടത്തും. ദൗത്യം പൂർത്തിയായാൽ നാളെയോ അതിനടുത്ത ദിവസമോഷെൻ ഹുവ വിഴിഞ്ഞം തീരം വിടും.
30 മീറ്റർ ഉയരവും 670 ടണ്ണിലേറെ ഭാരവുമുള്ള രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്. ഇന്നലെ പുലർച്ചെ നാലു മണിയോടെ ക്രെയിൻ പുറത്തിറക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ശക്തമായ കടൽക്ഷോഭം കാരണം ആദ്യശ്രമം രാവിലെ എട്ടുമണിയോടെ ഉപേക്ഷിച്ചു.
തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെ കടൽ അല്പം ശാന്തമായതിനെ തുടർന്നാണ് ക്രെയിൻ പുറത്തിറക്കാനുള്ള നടപടികൾ വീണ്ടും തുടങ്ങിയത്. ഒന്നര മണിക്കൂർ കൊണ്ട് ദൗത്യം പൂർത്തിയാക്കി വെെകുന്നേരം നാലുമണിയോടെ ക്രെയിൻ ബർത്തിലിറക്കി.
യാർഡിലെ പാളത്തിൽ ഉറപ്പിക്കുന്ന നടപടികൾ രാത്രിയോടെ പൂർത്തിയാകും. രണ്ടു റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ ആദ്യത്തേത് രണ്ട് ദിവസം മുമ്പാണ് കരയ്ക്കിറക്കിയത്. ഇനി 90 മീറ്റർ ഉയരവും 1100 ടണ്ണിലേറെ ഭാരവുമുള്ള ഒരു സൂപ്പർ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇറക്കാനുള്ളത്.
ഇക്കഴിഞ്ഞ 13 നാണ് ക്രെയിനുകളുമായി ചെെനീസ് ചരക്ക് കപ്പൽ ഗുജറാത്തിലെ മുന്ദ്രപോർട്ട് വഴി വിഴിഞ്ഞം കടലിൽ നങ്കൂരമിട്ടത്.
15ന് സർക്കാർ തലത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിന് പിന്നാലെ ഉണ്ടായ കടൽക്ഷോഭവും ചെെ നീസ് തൊഴിലാളികൾക്ക് കരയ്ക്കിറങ്ങാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ ഇറക്കാനുള്ള നടപടികൾ നീണ്ടു പോകുകയായിരുന്നു.
വാർഫിൽ ഇറങ്ങാൻ അനുമതി ലഭിച്ച മൂന്നു ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ദ തൊഴിലാളികളും വാട്ടർലൈൻ, വില്യംസ് ഷിപ്പിംഗ് ഏജൻസികളിൽ നിന്നുളളവരുമടങ്ങുന്ന സംഘമാണ് ക്രെയിനുകൾ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.