തേജ് ചുഴലിക്കാറ്റ്; ഒമാനിൽ രണ്ടു ദിവസം അവധി; തീരപ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കും
Sunday, October 22, 2023 7:51 PM IST
മസ്കറ്റ്: തേജ് ചുഴലിക്കാറ്റ് മൂലം ഒമാനിൽ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒക്ടോബർ 23 തിങ്കളാഴ്ചയും ഒക്ടോബർ 24 ചൊവ്വാഴ്ചയും തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
തേജ് ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്നതിന്റെ തയാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചു.
ദോഫാർ ഗവർണറേറ്റിൽ 32 ഷെൽട്ടർ സെന്ററുകളും അൽ വുസ്ത ഗവർണറേറ്റിൽ മൂന്ന് ഷെൽട്ടർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ഒമാൻ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ അറബിക്കടലിന് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വിഭാഗം മൂന്ന് ചുഴലിക്കാറ്റാണ് തേജ്. അതിന്റെ പ്രഭവ കേന്ദ്രത്തിനടുത്തുള്ള കാറ്റിന്റെ വേഗത 96-120 നോട്ട് ആയി കണക്കാക്കപ്പെടുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വിഭാഗം നാലായി മാറാനാണ് സാധ്യത. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നേരിട്ടുള്ള ആഘാതം ഇന്ന് രാത്രി ആരംഭിക്കും, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കാറ്റ് ഏറ്റവും ശക്തമാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഇന്ന് രാത്രി മുതൽ കനത്ത മഴയോട് (50-150 മില്ലിമീറ്റർ ) ആരംഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.