ഇന്ത്യയ്ക്കെതിരേ ന്യൂസിലന്‍ഡിന് പൊരുതാവുന്ന സ്കോര്‍; ഡാരില്‍ മിച്ചലിന് സെഞ്ചുറി;ഷമിക്ക് അഞ്ചു വിക്കറ്റ്
Sunday, October 22, 2023 6:23 PM IST
ധര്‍മശാല: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരേ ന്യൂസിലന്‍ഡിന് പൊരുതാവുന്ന സ്കോര്‍. നിശ്ചിത 50 ഓവറില്‍ 273 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്.
ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍(130) സെഞ്ചുറിയും രചിന് രവീന്ദ്ര(75) അര്‍ധ സെഞ്ചുറിയും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനാകാഞ്ഞതാണ് വന്‍ സ്കോറില്‍ നിന്ന് കിവീസിനെ തടഞ്ഞത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം.
ടീം സ്കോര്‍ 19ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടും പവിലിയനില്‍ തിരികയെത്തി. ഡെവണ്‍ കോണ്‍വേ(0)യെ സിറാജും വില്‍ യംഗി(17)നെ ഷമിയുമാണ് പുറത്താക്കിയത്.
പിന്നീട് ഒത്തുചേര്‍ന്ന രചിന് രവീന്ദ്ര-ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് കിവീസിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
ടീം സ്കോര്‍ 178ല്‍ നില്‍ക്കെ രവീന്ദ്രയെ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പിന്നീട് ഒരറ്റത്ത് ഡാരില്‍ മിച്ചല്‍ പിടിച്ചു നിന്നെങ്കിലും കൂട്ടാളികളായി വന്നവരെ അധികം നേരം ക്രീസില്‍ പിടിച്ചു നില്ക്കാന് ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
അമ്പതാം ഓവറില്‍ അഞ്ചാം പന്തിലാണ് മിച്ചല്‍ പുറത്താവുന്നത്. 127 പന്തില്‍ അഞ്ച് സിക്സറുകളും ഒമ്പതു ബൗണ്ടറികളും സഹിതമായിരുന്നു മിച്ചലിന്റെ 130 റണ്‍സ്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ന്യൂസിലന്‍ഡിനെ 300 കടക്കുന്നതില്‍ നിന്ന് തടഞ്ഞത്.
അവസാന 16 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ലോക്കി ഫെര്ഗൂസന് റണ്ണൗട്ടായതോടെ കിവീസ് ഓള്‍ഔട്ട് ആവുകയും ചെയ്തു.