ഡീൻ പാഴ്ജന്മം; ബാഹുബലിയാകാൻ ശ്രമം: പരിഹാസവുമായി സി.വി. വർഗീസ്, മറുപടിയുമായി യൂത്ത് കോൺഗ്രസ്
Sunday, October 22, 2023 12:24 PM IST
നെടുങ്കണ്ടം: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരേ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ഡീൻ കുര്യാക്കോസ് പാഴ്ജന്മമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാഹുബലി സിനിമയിലെ പോലെ പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി ഡീൻ നിർവൃതി കൊള്ളുകയാണെന്നും സി.വി. വർഗീസ് പരിഹസിച്ചു.
ജോയ്സ് ജോര്‍ജ് കൊണ്ടുവന്ന പാലത്തിന്റെ അലൈന്മെന്റ് മാറ്റിയ ഡീന്‍ കുര്യാക്കോസിന്റേത് എട്ടുകാലി മമ്മൂഞ്ഞിന്റെ നിലപാടാണ്. അടുത്ത തെരഞ്ഞെടുപ്പുകളിൽ പി.ജെ. ജോസഫിന്റെ തൊടുപുഴ മണ്ഡലവും ഡീൻ കുര്യോക്കാസിന്റെ ഇടുക്കി ലോക്സഭാ മണ്ഡലവും എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.
അതേസമയം, സി.വി. വർഗീസിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വര്‍ഗീസ് കുറച്ചു നാളുകളായി ചിത്തഭ്രമത്തിന്റെ മൂർധന്യാവസ്ഥയിലാണെന്നും അദ്ദേഹത്തെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അരുണ്‍ പറഞ്ഞു.