വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിന്‍ ഇന്നിറക്കും; കപ്പല്‍ ചൊവ്വാഴ്ച മടങ്ങിയേക്കും
Saturday, October 21, 2023 8:37 AM IST
തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യകപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ശനിയാഴ്ച തീരത്ത് ഇറക്കും. ആദ്യത്തെ ക്രെയിന്‍ വെള്ളിയാഴ്ച ഇറക്കിയിരുന്നു. ആകെ മൂന്നു ക്രെയിനുകളാണുള്ളത്.
ഷിന് ഹുവാ-15 കപ്പലിലെ മൂന്ന് ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്. നേരത്തെ, ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല.
സംസ്ഥാന സര്‍ക്കാറിന്റേയും അദാനി ഗ്രൂപ്പിന്റേയും സമ്മര്‍ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരില് മൂന്നുപേര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നൽകിയത്. ഏറ്റവും വിദഗ്ധരായ മൂന്നുപേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചത്.
അനുമതി ലഭിച്ചതോടെയാണ് ക്രെയിന്‍ ഇറക്കി തുടങ്ങിയത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച കപ്പല്‍ മടങ്ങാനാണ് സാധ്യത. കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25,000 യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.