ചൈനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി കൊടുത്ത സംഭവം: വിമര്‍ശനവുമായി ജയ്‌റാം രമേശ്
വെബ് ഡെസ്ക്
Friday, October 20, 2023 6:33 PM IST
ന്യൂഡല്‍ഹി: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുറഖത്ത് ഇറങ്ങാന്‍ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശ്.
ചൈനീസ് ജീവനക്കാര്‍ക്ക് കപ്പലിലെ ബര്‍ത്തില്‍ ഇറങ്ങാനാണ് കേന്ദ്രം അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. തുറമുഖത്ത് ഇറങ്ങാന്‍ ചൈനീസ് പൗരന്മാര്‍ക്ക് അനുമതി നല്‍കാറില്ലെന്നും ഇപ്പോള്‍ നടന്ന സംഭവം വ്യവസായിയായ ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും ഇത്തരത്തില്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നതാണ് നിയമമെന്നും അദ്ദേഹം വിമര്‍ശിച്ചു.
"അദാനിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനധികൃത ഇളവുകള്‍ നല്‍കുകയാണ്. വിസയില്ലാതെ തന്നെ കപ്പലിലെ ജീവനക്കാര്‍ക്ക് ഇറങ്ങാനുള്ള അനുമതി പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് നല്‍കാറുള്ളത്'.
"മാത്രമല്ല പാക്കിസ്ഥാന്‍, സൊമാലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ചൈന, എത്യോപ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ ഇറങ്ങാന്‍ അനുവാദം നല്‍കാന്‍ പാടില്ല എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്'. ഇത്തരം സംഭവങ്ങള്‍ നിയമവിരുദ്ധമാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.
ഷെന്‍ ഹുവ 15 എന്ന ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് വ്യാഴാഴ്ചയാണ് കരയിലിറങ്ങാന്‍ അനുമതി ലഭിക്കുന്നത്.