നൈജറില്‍ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച് മുന്‍ പ്രസിഡന്റ്; പിടികൂടി പട്ടാളം
Friday, October 20, 2023 12:03 PM IST
നയാമി: വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് പറക്കാനുള്ള മുന്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ ശ്രമം തകര്‍ത്ത് നൈജറിലെ പട്ടാളം.
രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന നൈജറില്‍ കഴിഞ്ഞ ഏതാനും മാസമായി പട്ടാളമാണ് ഭരണം നയിക്കുന്നത്.
കുടുംബത്തിനും പാചകക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാത്രിയില്‍ രാജ്യത്തു നിന്ന് കടക്കാനായിരുന്നു ബാസൂമിന്റെ ശ്രമം.
കഴിഞ്ഞ ജൂലൈയില്‍ ബാസൂമിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത പട്ടാളം ജൂലൈ അവസാനം മുതല്‍ ഇദ്ദേഹത്തെ വീട്ടു തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അറ്റ്ലാന്റിക് സമുദ്രം മുതല്‍ ചെങ്കടല്‍ വരെ ബെല്‍റ്റ് പോലെ വ്യാപിച്ചു കിടക്കുന്ന സഹേല്‍ എന്ന മേഖലയിലെ പ്രധാന രാജ്യമാണ് നൈജര്‍. എന്നാല്‍ ഈ മേഖല ഇന്ന് ജിഹാദികളുടെയും സായുധസംഘടനകളുടെയും അധീനതയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാസൂം രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പട്ടാള ഭരണകൂടത്തിന്റെ വക്താവ് അമാഡു അബ്ഡ്രാമാനെ പറഞ്ഞു.
'' പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമും കുടുംബവും രണ്ട് പാചകക്കാര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം എന്നിവര്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു'' അമാഡു പറഞ്ഞു.
ഹെലികോപ്ടറില്‍ നൈജീരിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും അമാഡു കൂട്ടിച്ചേർത്തു.
ജൂലൈ 26നാണ് നൈജറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. ഇതിന് തൊട്ടുമുമ്പ് പട്ടാളഭരണകൂടങ്ങള്‍ സമീപ രാജ്യങ്ങളായ ബുര്‍ക്കിനാ ഫാസോയിലും മാലിയിലും അധികാരത്തിലേറിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നൈജറിലും പട്ടാള അട്ടിമറി നടന്നത്.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും സഹേല്‍ മേഖലയില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ സായുധശക്തിയില് വര്‍ധിച്ചു വരുന്ന റഷ്യന്‍ സ്വാധീനവും ഈ മേഖലയിലെ ജനാധിപത്യ ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.