പലസ്തീനിൽ 3,785 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യമന്ത്രാലയം
Friday, October 20, 2023 1:43 AM IST
ഗാസ സിറ്റി: ഹമാസിന്റെ ആക്രമണത്തെ തുടർന്നു ഒക്ടോബർ ഏഴ് മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 3,785 പലസ്തീനികൾ കൊല്ലപ്പെട്ടു. 12,493 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. ഗാസയിൽ 44 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും നാല് ആശുപത്രികൾ പ്രവർത്തനരഹിതമാണെന്നും 14 അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനം നിർത്തിയതായും അൽ ഖുദ്ര പറഞ്ഞു.
ഗാസയിലെ ഒരു ആശുപത്രിയിലും മരുന്നില്ല. ഗാസയിലേക്കുള്ള സഹായം വേഗത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയാണെന്നും അഷ്റഫ് അൽ ഖുദ്ര കൂട്ടിച്ചേർത്തു.