സെന്തിൽ ബാലാജിക്ക് തിരിച്ചടി; ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
Thursday, October 19, 2023 2:18 PM IST
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജൂണിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബാലാജി ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം തേടിയത്.
എന്നാൽ, ഈ ആവശ്യം നിരസിച്ച കോടതി, ഒളിവിൽ കഴിയുന്ന സഹോദരന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു.
അറസ്റ്റിന് ശേഷം സെന്തിൽ ബാലാജിയെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും നാലാഴ്ചയ്ക്ക് ശേഷം പുഴൽ സെൻട്രൽ ജയിലിലാക്കുകയും ചെയ്തിരുന്നു.
തനിക്ക് അസുഖമാണെന്നും തനിക്ക് ഇഷ്ടപ്പെട്ട ആശുപത്രിയിൽ ചികിത്സയ്ക്കായാണ് ജാമ്യം തേടിയതെന്നുമാണ് ബാലാജി കോടതിയിൽ അറിയിച്ചത്. എന്നാൽ, ജാമ്യം തേടാനുള്ള തന്ത്രം മാത്രമാണിതെന്ന് ഇഡി മറുവാദം ഉന്നയിച്ചു.
ജയലളിത സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ ജോലിക്ക് പണം തട്ടിയെടുത്തെന്നാരോപിച്ചാണ് സെന്തിൽ ബാലാജി അറസ്റ്റിലായത്.