യുഎപിഎ കേസ് റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി; ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ്
Thursday, October 19, 2023 12:23 PM IST
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച്ആര്‍ മേധാവി അമിത് ചക്രബര്‍ത്തി എന്നിവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
71 വയസുകാരനായ പുര്‍കായസ്ത ജയിലില്‍ കഴിയുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും.
യുഎപിഎ വകുപ്പ് ചുമത്തിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേ ന്യൂസ് ക്ലിക്ക് മേധാവികള്‍ നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.