ജോ ബൈഡനു പിന്നാലെ ഋഷി സുനകും ഇസ്രയേലിലേക്ക്
Thursday, October 19, 2023 6:12 AM IST
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇസ്രയേലിലേക്ക്. ഇന്ന് ഇസ്രയേലിൽ എത്തുന്ന ഋഷി സുനക് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായിയും പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
ഹമാസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഋഷി സുനകിന്റെ ഇസ്രയേൽ സന്ദർശനം. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലും ഗാസയിലും ഉണ്ടായ ജീവഹാനിയിൽ സുനക് അനുശോചനം രേഖപ്പെടുത്തി.
ഓരോ പൗരന്റെയും മരണവും ഒരു ദുരന്തമാണ്. ഹമാസിന്റെ ഭീകരപ്രവർത്തനത്തെ തുടർന്ന് നിരവധി ജീവൻ നഷ്ടപ്പെട്ടുവെന്നും സുനക് തന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. കൂടുതൽ അപകടകരമായ സംഘർഷം ഉണ്ടാകാതിരിക്കാൻ ഈ മേഖലയിലെയും ലോകമെന്പാടുമുള്ള നേതാക്കന്മാർ ഒത്തുചേരേണ്ട നിർണായ നിമിഷമാണെന്നും സുനക് കൂട്ടിച്ചേർത്തു.
ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സഹായം അനുവദിക്കണമെന്നും ഗാസയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് മടങ്ങാൻ പാത ഒരുക്കണമെന്നും സുനക് ആവശ്യപ്പെടും.
ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം ഏഴ് ബ്രിട്ടീഷ് പൗരന്മാരെങ്കിലും കൊല്ലപ്പെടുകയും ഒന്പത് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് സുനകിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.
സുനകിന്റെ സന്ദർശനത്തോടൊപ്പം, കഴിഞ്ഞയാഴ്ച ഇസ്രയേൽ സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി സംഘർഷം ചർച്ച ചെയ്യാനും സമാധാനപരമായ പരിഹാരം തേടാനും അടുത്ത മൂന്ന് ദിവസങ്ങളിൽ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവിടങ്ങൾ സന്ദർശിക്കുമെന്നും സുനകിന്റെ ഓഫീസ് അറിയിച്ചു.