കാൽ നടയാത്രക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; ഒരാൾ കൊല്ലപ്പെട്ടു
Thursday, October 19, 2023 4:15 AM IST
ബംഗുളൂരു: കർണാടകയിൽ നടപ്പാതയിലൂടെ പോവുകയായിരുന്ന കാൽനടയാത്രികരെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു.
മംഗുളുരുവിലാണ് സംഭവം.രൂപാശ്രീ(23)യാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരിൽ മൂന്നുപേരും കുട്ടികളാണ്.
മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപമുള്ള നടപ്പാതയിലൂടെ പോവുകയായിരുന്ന ആളുകുടെ ഇടയിലേക്കാണ് അമിതവേഗതയിലെത്തിയ ഹ്യൂണ്ടായ് ഇയോൺ കാർ ഇടിച്ചുകയറിയത്. കമലേഷ് ബൽദേവ് എന്നയാളാണ് കാർ ഓടിച്ചത്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപെട്ട ഇയാൾ ഒരു കാർ ഷോറൂമിന് മുന്നിൽ കാർ പാർക്ക് ചെയ്തതിന് ശേഷം തന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഇയാൾ പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.