ബൈഡൻ ഇസ്രയേലില്‍; നെതന്യാഹുവുമായി കൂടിക്കാഴ്ച
Wednesday, October 18, 2023 2:35 PM IST
ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിലെത്തി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടയിലുള്ള സന്ദര്‍ശനം ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്ന് സ്വീകരിച്ചു.
ഗാസ സിറ്റിയിലെ അല്‍-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ശേഷമുള്ള കൂടിക്കാഴ്ച ഏറെ ഗൗരവത്തോടെയാണ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ആശുപത്രി ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അക്രമത്തില്‍ പലസ്തീന് ഇസ്രയേലിനു നേരെ വിരല്‍ ചൂണ്ടിയിരുന്നു. എന്നാൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു.
പലസ്തീന് ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും വിവിധ അറബ് ഭരണാധികാരികള്‍ പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും പിന്‍വാങ്ങിയതായാണ് വിവരം.