ഇത്രയും മോശപ്പെട്ട സർക്കാർ കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല: വി.ഡി. സതീശൻ
Wednesday, October 18, 2023 1:04 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. എഐ കാമറ, കെ.ഫോണ്‍, മാസപ്പടി ഉൾപ്പെടെ എല്ലാ കാര്യത്തിലും എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസി, കെഎസ്ഇബി എന്നിവയെ കടുത്ത ബാധ്യതയിലും നഷ്ടത്തിലുമാക്കി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി അഴിമതി നടത്താൻ ശ്രമിച്ചു. ആയിരം കോടി രൂപ ബോർഡിന് നഷ്ടം വരുത്തി. ജനങ്ങളുടെ മേൽ സർക്കാർ എല്ലാ രംഗത്തും കടുത്ത ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാരിനെതിരേ ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർ രാവിലെ ആറരയോടെ തന്നെ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ സെക്രട്ടേറിയറ്റ് ഉപരോധമാണ് ഇന്ന് നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ, രമേശ് ചെന്നിത്തല, അഡ്വ. ബിന്ദു കൃഷ്ണ, യുഡിഎഫ് ഘടക കക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൾപ്പെടെയുള്ള നേതാക്കൾ ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.