സംസ്ഥാന സ്കൂൾ കായികമേള:പാലക്കാട് മുന്നേറ്റം തുടരുന്നു
Wednesday, October 18, 2023 1:04 PM IST
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാംദിനം ആദ്യ സ്വർണം ഇടുക്കിക്ക്. സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഇടുക്കി എസ്എൻവി എസ്എസിന്റെ അഭിദേവ് സത്യൻ സ്വർണം സ്വന്തമാക്കി.
24:24.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഭിദേവ് ഒന്നാമത് ഫിനിഷ് ചെയ്തത്. മലപ്പുറം തവനൂർ സ്കൂളിലെ കെ.പി. സിദ്ധാർഥ് (25:34.23) രണ്ടും കോഴിക്കോട് സായിയുടെ ജെ. ജീവൻ (26:23.84) മൂന്നും സ്ഥാനം സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ എറണാകുളം മാതിരപ്പിള്ളി സ്കൂളിലെ മിയ റോസ് (16:20.91) ഒന്നാം സ്ഥാനം നേടി. മലപ്പുറം ആലത്തിയൂർ കെ എച്ച് എം എച്ച്എസിന്റെ പി. നിരഞ്ജന (16:25:42 ) രണ്ടാമതും പാലക്കാട് കൊട്ടായി ജി എച്ച് എസിലെ വി.ബി. നയന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മീറ്റിന്റെ രണ്ടാം ദിനവും പാലക്കാട് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 16 മെഡലുമായി 54 പോയിന്റാണ് പാലക്കാടിന്. നാല് സ്വർണം, ഏഴ് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ 13 മെഡലുമായി 43 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്ത് തുടരുന്നു.
സ്കൂളുകളിൽ 18 പോയിന്റുമായി ഐഡിയൽ കടകശേരിയാണ് ഒന്നാമത്. 14 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുണ്ട്. മീറ്റിന്റെ ആദ്യദിനം രണ്ട് റിക്കാർഡുകൾ പിറന്നിരുന്നു.