തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയുടെ പേര് മാറ്റുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. "സ്കൂൾ ഒളിമ്പിക്സ്' എന്ന് പേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും പേരുമാറ്റം അടുത്തവർഷം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സര ഇനങ്ങളിൽ ​ഗെയിംസ് ഉൾപ്പെടുത്താനും ആലോചനയുണ്ട്. കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളതെന്നും ഏഴ് വർഷത്തിനിടെ 676 പേർക്ക് ജോലി നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരത്തിനിടെ കുട്ടികൾക്ക് വേണ്ടത്ര സമയം കിട്ടിയില്ല എന്ന പരാതിയിൽ വസ്തുതയുണ്ടെന്നും ഈ പ്രശ്നം അടുത്തവർഷം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്പോർട്ട്സ് കലണ്ടർ ഉണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.