പുലർച്ചെ നാലിനുള്ള "ലിയോ ഷോ' അനുവദിക്കില്ല, മറ്റുസമയം സർക്കാരിന് പരിഗണിക്കാം; മദ്രാസ് ഹൈക്കോടതി
Tuesday, October 17, 2023 3:35 PM IST
ചെന്നൈ: വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് തമിഴ്നാട്ടിൽ പുലർച്ചെ നാലിന് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് എസ്.എസ്. ലളിത് കുമാര്‍ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
പുലർച്ചെ നാലിനുള്ള ഷോ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ രാവിലെ ഏഴിന് ഷോ അനുവദിക്കുന്ന കാര്യം തമിഴ്നാട് സർക്കാരിനോട് പരിഗണിക്കാൻ കോടതി നിർദേശിച്ചു.
ഇതോടെ സർക്കാരിന്റെ മറുപടിക്കായി നിർമാതാവ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി
ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ഇന്ന് വൈകുന്നേരം നാലിന് നിർമാതാവ് എസ്.എസ്. ലളിത് കുമാറും തീയറ്റര്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും.
തുടർന്ന് രാവിലെ ഏഴിന് ഷോ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വരും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ മറുപടി നല്‍കുക.
അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.