ഗാസയിൽനിന്നും തൊടുത്ത റോക്കറ്റുകൾ തടഞ്ഞ് ഇസ്രയേൽ
Tuesday, October 17, 2023 5:30 AM IST
ടെൽ അവീവ്: ഗാസയിൽനിന്നും ഇസ്രയേലിലേക്ക് തൊടുത്ത റോക്കറ്റുകൾ തടഞ്ഞു. ഇസ്രയേലിന്റെ അയൺ ഡോം മിസൈൽ സിസ്റ്റമാണ് മൂന്ന് റോക്കറ്റുകൾ തടഞ്ഞത്. ടെൽ അവീവിലും മധ്യ ഇസ്രയേലിലെ മറ്റു പല നഗരങ്ങളിലും റോക്കറ്റ് അലാറങ്ങൾ മുഴങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി ടെൽ അവീവിലേക്ക് തൊടുത്ത റോക്കറ്റുകളാണ് തടഞ്ഞത്.
അതേസമയം ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കവേ ഗാസയിൽനിന്നു പലായനം ചെയ്തത് പത്തു ലക്ഷം പേരാണ്. യുദ്ധം പത്തു ദിവസം പിന്നിട്ടിട്ടും വെടിനിർത്തലിനു തയാറാകാൻ ഇസ്രയേലും ഹമാസും വിസമ്മതിച്ചു. ഗാസയിൽനിന്നുള്ളവർക്ക് ഈജിപ്തിലേക്കു കടക്കുന്നതിനായി വെടിനിർത്തലിനു സമ്മതിച്ചുവെന്ന അഭ്യൂഹം ഇസ്രയേൽ തള്ളി.
വെടിനിർത്തലിനോ ഗാസയിൽ സഹായമെത്തിക്കുന്നതിനോ ധാരണയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി. ഹമാസിന്റെ മാധ്യമവിഭാഗം മേധാവി സലാമ മറൗഫും വെടിനിർത്തൽ ധാരണയെക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു.